യേശുവിന്റെ പാതയിലൂടെ ഒരു സത്യാന്വേഷണം...
യേശുവിന്റെ പാത പിന്തുടരണം എന്നത് എന്റെ ഒരാഗ്രഹമായിരുന്നു. അത് കൊണ്ട് ഞാന്‍ ത്രിത്വത്തില്‍ വിശ്വസിക്കാന്‍ തീരുമാനിച്ചു.
തോമസ് അക്വിനാസ് എഴുതിയല്ലോ: "ത്രിത്വത്തില്‍ വിശ്വസിക്കാതെ ക്രിസ്തുവില്‍ വിശ്വസിക്കുക അസാധ്യമാണ്. എന്തുകൊണ്ടെന്നാല്‍ ദൈവപുത്രന് മനുഷ്യനായി അവതരിച്ചുവെന്നും പരിശുദ്ധാത്മാവിനാല്‍ ലോകത്തെ നവീകരിച്ചുവെന്നും ഉള്ള സത്യങ്ങള്‍ ക്രിസ്തീയ രഹസ്യമാകുന്നു. മനുഷ്യാവതാരം പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാല്‍ നടന്നു എന്ന സത്യവും ആ രഹസ്യത്തിന്റെ ഭാഗമാണ്.'' (ഡി. ബാബുപോള്‍: വേദശബ്ദരത്നാകരം.- 309,310) അത്തരമൊരു തീരുമാനത്തിലെത്താന്‍ എനിക്ക് യാതൊരു മടിയുമില്ലായിരുന്നു. കാരണം എന്റെ ലക്ഷ്യം നേരത്തെ പറഞ്ഞതായിരുന്നു. മാത്രവുമല്ല യേശുവിന്റെ അനുയായികളായ ലോകത്തിലെ കോടിക്കണക്കിനാളുകളും ആവിശ്വാസക്കാരാണല്ലോ.
അങ്ങനെ ത്രിത്വമെന്ന് ദൈവികരഹസ്യം അന്വേഷിക്കാമെന്നായി. മൂന്ന് ദിവ്യത്വങ്ങള് ചേരുമ്പോള്‍ മൂന്ന് ദൈവങ്ങളുണ്ടാവില്ലെ എന്നൊരാശങ്ക എനിക്കുമുണ്ടായി.അതിനിങ്ങനെ ഒരു മറുപടിയും എനിക്കെന്റെ അന്വേഷണത്തില്‍ കിട്ടി. "ത്രിത്വത്തില്‍ ഏകദൈവ വിശ്വാസത്തെ നാം ആരാധിക്കുന്നു. പിതാവ് വ്യതിരിക്തനായ ആള്; പുത്രന് വ്യതിരിക്തനായ ആള്; പരിശുദ്ധാത്മാവ് വ്യതിരിക്തനായ ആള്. എന്നാല്‍ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഒരേയൊരു ദൈവത്വവും ഒരേ മഹത്വവും ഒരേ നിത്യപ്രതാപവുമാണുള്ളത്.'' വളരെ സുന്ദരമായ വ്യാഖ്യാനം. അല്പം സംശയങ്ങള്‍ മനസ്സിലവശേഷിച്ചെങ്കിലും പഠനം തുടര്‍ന്നു. യുക്തിയിലൂടെ ത്രിത്വം മനസ്സിലാക്കാനാണ് ഞാന്‍ ശ്രമിച്ചത്. അതിനിങ്ങനെയാണ് മറുപടി ലഭിച്ചത്. റൊണാള്‍ഡ് ലോറല്‍ എഴുതി: "പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യം ഈ ലോക ജീവിതത്തില്‍ മനുഷ്യബുദ്ധിക്ക് ഗ്രഹിക്കാന്‍ സാധ്യമല്ല.'' സെന്റ് അഗസ്റ്യന്‍ അടക്കം ഇത്രമാത്രമാണതിനെ പറ്റി പറഞ്ഞത് "ഇത് കത്തോലിക്ക വിശ്വാസമായിരിക്കുന്നിടത്തോളം എന്റെയും വിശ്വാസമാണ്.''
മനുഷ്യബുദ്ധിക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്ത ഒരു യാഥാര്‍ഥ്യം എങ്ങിനെ നിത്യജീവന്റെ അടിസ്ഥാനമായിത്തീരുമെന്നുള്ള എന്റെ സംശയം പിന്നീട് മാറിയത് ദൈവികരഹസ്യങ്ങളില് യുക്തിക്ക് കൂടുതല്‍ സ്ഥാനമില്ലെന്ന് മനസ്സിലാക്കിയതിലൂടെയാണ്.അങ്ങിനെയാണ് ദിവ്യവെളിപാടായ ബൈബിള്‍ വായിക്കാന്‍ തീരുമാനിച്ചത്.
പഴയനിയമത്തിലെ പത്തു കല്പനകള് തന്നെ വായിച്ചു...അതില്‍ ഒന്നാമത്തെ കല്പനതന്നെ ദൈവവിശ്വാസത്തെ കുറിച്ചാണ്.
1."അടിമ വീടായ മിസ്രയീം ദേശത്തുനിന്നും നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നന്റെ ദൈവമാകുന്നു. ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കുണ്ടാവരുത്. ഒരു വിഗ്രഹം ഉണ്ടാക്കരുത്. മീതെ സ്വര്‍ഗത്തിലോ താഴെ ഭൂമിയിലോ ഭൂമിക്ക് കീഴില്‍ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമയും അരുത്. അവയെ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത്.'' (പുറപ്പാട്: 20: 2-6, ആവര്‍ത്തനം: 5: 6-9)
2. "ഞാന്‍, ഞാന്‍ മാത്രമേയുള്ളൂ. ഞാനല്ലാതെ ദൈവമില്ല. (ആവര്‍ത്തനം: 32: 39)
3. "നിന്റെ ദൈവമായ യഹോവയെ നീ മറക്കയും അന്യദൈവങ്ങളെ പിന്തുടര്ന്ന് അവയെ സേവിച്ച് നമസ്കരിക്കയും ചെയ്താല്‍ നിങ്ങള്‍ നശിച്ചുപോകും എന്ന് ഞാന്‍ നിങ്ങളോടു സാക്ഷീകരിക്കുന്നു.'' (ആവര്‍ത്തനം: 8:19)
4. യഹോവ തന്നെയാകുന്നു ദൈവം. അവനല്ലാതെ മറ്റൊരുത്തനുമില്ല. എന്നറിയേണ്ടതിന് തന്നെ.'' (ആവര്‍ത്തനം: 4: 35)
5. "ഇസ്രയേലേ കേള്‍ക്ക: യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകന്‍ തന്നെ. നിന്റെ ദൈവമായ യഹോവയെ നീ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടും കൂടെ സ്നേഹിക്കണം.'' (ആവര്‍ത്തനം: 6:4-6, 10: 12)
6. "മഹാ കാര്യങ്ങള്‍ പ്രവൃത്തിച്ചിട്ടുള്ള ദൈവമേ, നിനക്കു തുല്യന്‍ ആരുണ്ട്?'' (സങ്കീര്‍ത്തനം: 136: 4)
7. "കര്‍ത്താവേ ദേവന്മാരില് നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികള്‍ക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല. കര്‍ത്താവേ നീ ഉണ്ടാക്കിയ സകല ജാതികളും തിരുമുമ്പില്‍ വന്നു നമസ്കരിക്കും. നീ വലിയവനും അത്ഭുതങ്ങള്‍ പ്രവൃത്തിക്കുന്നവനുമല്ലോ. നീ മാത്രം ദൈവമാകുന്നു.'' (സങ്കീര്‍ത്തനം: 85: 9-10)
8. "കര്‍ത്താവായ യഹോവേ, നീ വലിയവന്‍ ആകുന്നു; നിന്നെപോലെ ഒരുത്തനുമില്ല; ഞങ്ങള്‍ സ്വന്തം ചെവികൊണ്ട് കേട്ടതൊക്കെയും ഓര്‍ത്താല്‍ നീ അല്ലാതെ ഒരു ദൈവവും ഇല്ല.'' (2 സാമുവേല്‍: 7: 22)
9. ഞാന്‍ ഈ നിയമവും സത്യബന്ധവും ചെയ്യുന്നത് നിങ്ങളോട് മാത്രമല്ല. ഇന്ന് നമ്മോടുകൂടെ നമ്മുടെ യഹോവയോടുകൂടെ നമ്മുടെ ദൈവസന്നിധിയില്‍ നില്ക്കുന്നവരോടും ഇന്ന് ഇവിടെ ഇല്ലാത്തവനോടും തന്നെ.'' (ആവര്‍ത്തനം: 29:13-14)
10. ഞാന്‍ നിങ്ങളോട് ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പിന്. അതിനോട് കൂട്ടരുത്. അതില്‍നിന്നും കുറക്കുകയും അരുത്. (ആവര്‍ത്തനം: 3:1)
എല്ലാം ഏകദൈവവിശ്വാസത്തെ ശക്തമായി ഊട്ടിയുറപ്പിക്കുന്നതും യഹോവയല്ലാത്ത മറ്റൊരസ്ഥിത്വത്തെ ആരാധിക്കുന്നതിനെതിരെയുള്ള നിരാകരണവുമായിരുന്നു.ത്രിയേകത്വത്തെ കുറിച്ച യാതൊരു സൂചനയും അവിടെനിന്നെവിടെയും ലഭിച്ചില്ല. യേശുവിന്റെ സുവിശേഷം പുതിയ നിയമത്തിലാണല്ലോ ഉള്ളത്. പിന്നെയുള്ള വായന പുതിയ നിയമത്തിലൂടെയുള്ള നാലു സുവിശേഷമായിരുന്നു. ദൈവസങ്കല്പത്തെ കുറിച്ച വചനങ്ങള്‍ വായിച്ചു.
1. പ്രലോഭനത്തിന് വന്ന പിശാചിനോട് യേശു ആക്രോശിച്ചു: "സാത്താനേ, എന്നെ വിട്ടു പോ; നീ നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ.'' (മത്തായി: 4: 10, ലൂക്കോസ്: 4: 8)
2. എല്ലാറ്റിലും മുഖ്യ കല്പന ഏത് എന്ന് ചോദിക്കപ്പെട്ടപ്പോള്‍ യേശു പറഞ്ഞു: "യിസ്രായേലേ, കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്. നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും പൂര്‍ണ ശക്തിയോടും കൂടെ സ്നേഹിക്കണം.'' (മാര്‍ക്കോസ്: 12: 29,30, മത്തായി: 22: 36,37, ലൂക്കോ: 10: 27)
3.യേശുവിനെ പ്രയാസപ്പെടുത്താനൊരുങ്ങിയ ശാസ്ത്രിമാരോടും പരീശന്മാരോടും പറഞ്ഞു: "ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്വാന് കഴിയാത്തവരെ ഭയപ്പെടേണ്ട. ആരെ ഭയപ്പെടേണം എന്നു ഞാന്‍ നിങ്ങള്‍ക്കും കാണിച്ചുതരാം. കൊന്നിട്ട് നരകത്തില്‍ തള്ളുവാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍, അതെ അവനെ ഭയപ്പെടുവിന്‍ എന്നു ഞാന്‍ നിങ്ങളോട് പറയുന്നു.'' (ലൂക്കോ: 12: 4,5)
4. നിത്യജീവന്റെ ഒറ്റമൂലി: "ഏകസത്യ ദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നത് തന്നെ നിത്യജീവന് ആകുന്നു.'' (യോഹന്നാന്: 17:3)
എന്നാല്‍ പുതിയ നിയമത്തിലെവിടെയും യേശു തന്നെ ആരാധിക്കണമെന്നോ താന്‍ ത്രിത്വത്തിലെ മൂന്നിലൊന്നാണെന്നോ അവകാസപ്പെടുന്നില്ല. യേശു തന്നെ സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്
"എന്നാല്‍ ദൈവത്തോട് കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു.'' അങ്ങനെ അബ്രഹാം ചെയ്തില്ലല്ലോ. നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളെ നിങ്ങള്‍ ചെയ്യുന്നു എന്നു പറഞ്ഞു. അവര്‍ അവനോട്:
"ഞങ്ങള്‍ പരസംഘത്താല്‍ ജനിച്ചവരല്ല; ഞങ്ങള്‍ക്കൊരു പിതാവേയുള്ളൂ. ദൈവംതന്നെ.'' ദൈവം നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങളെന്നെ സ്നേഹിക്കുമായിരുന്നു. ഞാന്‍ ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു. ഞാന്‍ സ്വയമായി വന്നതല്ല, അവന് എന്നെ അയച്ചതാകുന്നു.'' (യോഹ: 8:40-42)
യേശു ഇപ്രകാരം ദൈവം ഏകനാണെന്നും താന്‍ ദൈവദൂതനാണെന്നും പരിചയപ്പെടുത്തുമ്പോള്‍ ക്രിസ്തുമതവിശ്വാസികള് ഇക്കാര്യം അംഗീകരിക്കാതെന്തെന്നായി പിന്നെ സംശയം. പിന്നെ വിശുദ്ധ പൌലോസിന്റെ ലേഖനങ്ങളിലൂടെ കണ്ണോടിച്ചപ്പോള്‍ യേശുവിന്റെ ദിവ്യത്വം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്ന വരികള്‍ കാണാനായി."അവന് അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കും മുമ്പുള്ള ആദ്യജാതനുമാണ്.'' (കൊളോ: 1:15). പക്ഷെ, അവിടെയും ത്രിയേകത്വത്തെ കുറിച്ച് യാതൊന്നും കാണാനായില്ല. പിന്നീടുള്ള അന്വേഷണത്തിലാണ് AD 325 ല്‍ നിഖിയ സുന്നഹദോസില്‍ വെച്ചംഗീകരിക്കപ്പെട്ട വിശ്വാസംഹിത മാത്രമാണ് യേശുവിന്റെ ദൈവാശമെന്ന് മനസ്സിലായത്. പിന്നെ എന്റെ മനസ്സിലുദിച്ച കാര്യങ്ങള്‍ ഇവയാണ്..
- ബൈബിള്‍ പഴയ നിയമത്തിലോ പുതിയ നിയമത്തിലോ ത്രിയേകത്വം പഠിപ്പിക്കുന്നില്ല.
- യേശു താന്‍ ദൈവമാണെന്നോ ത്രിയേകത്വത്തിലെ ആളത്വമാണെന്നെ പഠിപ്പിച്ചിട്ടില്ല.
- 12 അപ്പോസ്തലന്മാര്‍ക്കോ യേശുവിന്റെ സമാകാലികര്‍ക്കാര്‍ക്കെങ്കിലുമോ ത്രിയേകത്വം മനസ്സിലായില്ല.
- എ.ഡി. 325 വരെ ക്രൈസ്തവ സഭ ത്രിത്വം അംഗീകരിച്ചിരുന്നില്ല.
- ത്രിയേകത്വം അംഗീകരിക്കാത്തതിന്റെ പേരില്‍ ദൈവപ്രീതി നഷ്ടപ്പെടുകയോ സ്വര്‍ഗത്തില്‍ കടക്കാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ യേശുവിന് മുമ്പു വന്ന സകല പ്രവാചകരും, യേശുവും യേശുവിന്റെ ശിഷ്യന്മാരും അവരില്‍ ഉള്‍പ്പെടേണ്ടിവരും!
- അവരെല്ലാം സ്വര്ഗത്തിലാണെങ്കില് ആ മാര്‍ഗത്തില്‍ തന്നെയാണല്ലോ ഞാനും സഞ്ചരിക്കേണ്ടത്.അവര്‍ ഏകദൈവവിശ്വാസികളാതിനാല് എനിക്കും ആ മാര്‍ഗം തിരഞ്ഞെടുക്കാതിരിക്കാനായില്ല.
- അപ്രകാരം ഞാന്‍ അബ്രഹാമും മോസസും ദാവീദും യേശുവും പിന്തുടര്‍ന്ന മാര്‍ഗം പിന്തുടരാന് തീരുമാനിച്ചു. അഥാവാ യേശുവിന്റെ മതം ഇസ്ലാമായിരുന്നുവെന്നും ക്രൈസ്തവത വിശുദ്ധ പൌലോസിന്റെ മതമായിരുന്നെന്നും എനിക്കു ബോധ്യമായി... എന്റെ ഈ നിരീക്ഷണം തെറ്റായിരിക്കാം, ശരിയായ നിരീക്ഷണം നിങ്ങള്‍ക്കിവിടെ പങ്ക് വെയ്കാം.