ഇ.സി സൈമണ്‍ മാസ്റ്റര്‍
യഹൂദ മതക്കാരനോ ക്രിസ്‌ത്യാനിയോ ആയിരുന്നില്ല മൂസാ നബി എന്നതും, ക്രിസ്‌തുമത സ്ഥാപകനോ ആ മതവിശ്വാസിയോ അല്ലായിരുന്നു യേശു എന്നതും അധികമാരും മനസ്സിലാക്കിയിട്ടില്ലാത്ത യാഥാര്‍ഥ്യമാണ്. ഒരു പുതിയ മതം സ്ഥാപിക്കുകയായിരുന്നില്ല യേശുവിന്റെ ജീവിതലക്ഷ്യം. പ്രവാചക പരമ്പരയില്‍ പെട്ട അദ്ദേഹം, ജനിച്ചുവളര്‍ന്ന പ്രവാചകമതത്തില്‍ തന്നെയാണ് ജീവിച്ചത്. മറ്റു പ്രവാചകന്മാരുടെ മതം ഏതായിരുന്നുവോ അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെയും മതം. ഇബ്‌റാഹീം, മൂസാ, യഅ്‌ഖൂബ് തുടങ്ങിയ പ്രമുഖരായിരുന്നു അദ്ദേഹത്തിന്റെ മുന്‍ഗാമികളായ പ്രവാചകന്മാര്‍. യേശുവിന്റെ തൊട്ടു പിന്‍ഗാമിയായിരുന്നു അന്ത്യ പ്രവാചകന്‍ മുഹമ്മദ്. ഒരേ മതവിശ്വാസികളായിരുന്നതുകൊണ്ടാണ് ഖുര്‍ആനില്‍ യേശുവിന്റെ പേര് വന്നതും പ്രാധാന്യത്തോടെ അദ്ദേഹത്തെപ്പറ്റി പ്രതിപാദിച്ചതും.സ്‌ത്രീകളില്‍ ഏറ്റവും വിശിഷ്‌ട സ്ഥാനം നല്‍കി പ്രശംസകൊണ്ട് മൂടി പരിശുദ്ധ ഖുര്‍ആനില്‍ പേരു വന്ന ഒരേയൊരു സ്‌ത്രീ യേശുവിന്റെ മാതാവ് മറിയമാകാന്‍ ഇടയായതിനും കാരണം മറ്റൊന്നായിരുന്നില്ല.
ക്രിസ്‌തുമതമായിരുന്നില്ല ക്രിസ്‌തുവിന്റെ മതം. പേരില്‍ മാത്രമേ ആ മതങ്ങള്‍ തമ്മില്‍ ബന്ധമുള്ളൂ. യേശുവിന്റെ ജീവിതകാലത്ത് അങ്ങനെ ഒരു മതം നിലവിലില്ലായിരുന്നു. അതുകൊണ്ടുതന്നെ ആ മതത്തെപ്പറ്റി തികച്ചും അജ്ഞനായിരുന്നു അദ്ദേഹം. യേശുക്രിസ്‌തുവിന്റെ ജീവിതകാലം കഴിഞ്ഞ് ഏറെ കൊല്ലങ്ങള്‍ക്കു ശേഷമാണ് സിറിയയിലെ അന്ത്യോഖ്യ എന്ന പട്ടണത്തില്‍ വെച്ച് ക്രിസ്‌ത്യാനി എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടതെന്ന് ബൈബിള്‍ പറയുന്നു (അപ്പോസ്‌തല പ്രവൃത്തികള്‍ 11:26).
യഹൂദന്മാര്‍ക്കും ക്രൈസ്‌തവര്‍ക്കും പുറമെ ഇസ്‌ലാമതസ്ഥരും അവരുടെ പൂര്‍വ പിതാവായി സ്‌നേഹാദരങ്ങളോടെ പരിഗണിക്കുന്ന ഇബ്‌റാഹീം നബിയുടെ മതമേതെന്ന കാര്യത്തില്‍ യഹൂദര്‍ക്കും ക്രൈസ്‌തവര്‍ക്കും കാര്യമായ ബോധമില്ല. യഹൂദനെന്ന് യഹൂദരും ക്രൈസ്‌തവനെന്ന് ക്രൈസ്‌തവരും വിശ്വസിക്കുന്നു. യഹൂദ മതവും ക്രിസ്‌തുമതവും ഉണ്ടാവുന്നതിനു മുമ്പായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലം എന്നതുകൊണ്ടുതന്നെ അദ്ദേഹം ആ മതങ്ങളില്‍ പെട്ട ആളായിരുന്നില്ലെന്ന് വ്യക്തം. ഖുര്‍ആന്‍ മാത്രമാണ് അക്കാര്യം വ്യക്തമായി പറയുന്നത്.
ഏകദേശം ബി.സി ഇരുപതാം നൂറ്റാണ്ടിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ബി.സി പത്താം നൂറ്റാണ്ടില്‍ ഇസ്രയേല്‍ രാജ്യം ഭരിച്ചിരുന്ന സോളമന്‍ (സുലൈമാന്‍ നബി) രാജാവിന്റെ കാലത്തുണ്ടായ അധികാര വടംവലിയുടെ ഫലമായി രാജ്യം ഇസ്രയേല്‍ എന്നും യൂദയാ എന്നും രണ്ടായി പിരിഞ്ഞു. കാലക്രമത്തില്‍ യൂദയായിലെ ജനങ്ങള്‍ യൂദര്‍ (യഹൂദര്‍) എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. കേരളത്തിലെ ജനങ്ങളെ കേരളീയര്‍ എന്നും ഹിന്ദുസ്ഥാനില്‍ ജീവിച്ചവരെ ഹിന്ദുക്കള്‍ എന്നും വിളിച്ചപോലെ. ആദ്യമാദ്യം അതൊരു മതനാമം ആയിരുന്നില്ലെങ്കിലും പിന്നീടതിന് അങ്ങനെ ഒരു മതഛായ വന്നുപെടുകയായിരുന്നു.
മൂസാ നബി(മോസസ്)യുടെ കാര്യത്തിലുമുണ്ട് യഹൂദര്‍ക്കും ക്രൈസ്‌തവര്‍ക്കും അദ്ദേഹം തങ്ങളുടെ മതക്കാരനാണെന്ന അബദ്ധ ധാരണ. എന്നാല്‍ അദ്ദേഹത്തിന്റെ കാലശേഷം മാത്രം ഉണ്ടായ മതങ്ങളാണ് അവ രണ്ടുമെന്ന യാഥാര്‍ഥ്യം ഇവരുടെ അവകാശവാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് സ്‌പഷ്‌ടമാക്കുന്നുണ്ട്.
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്ന ചില മുസ്‌ലിംകള്‍ ക്രൈസ്‌തവരെ ആ മാര്‍ഗം പരിചയപ്പെടുത്തി അതിലേക്ക് ക്ഷണിക്കുമ്പോള്‍ അവരില്‍ ചിലര്‍ ചോദിക്കുന്നു: നിങ്ങള്‍ എന്തിനാണ് ഞങ്ങളെ മുസ്‌ലിംകളാക്കാന്‍ നോക്കുന്നത്? നിങ്ങളേക്കാള്‍ കൂടുതലായി ദൈവിക കാര്യങ്ങള്‍ അറിയുന്നവരും അതിനായി പ്രവര്‍ത്തിക്കുന്നവരും ഞങ്ങളല്ലേ? ഞങ്ങളെക്കാള്‍ അധികമായി ആ മാര്‍ഗത്തില്‍ എന്തു പ്രവര്‍ത്തനമാണ് നിങ്ങള്‍ക്കുള്ളത്? ലോകത്തെവിടെയും മിഷണറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി കഷ്‌ടപ്പെടുന്നവര്‍ക്ക് ആശ്വാസമായും ദുഃഖിതര്‍ക്കും ദുരിതബാധിതര്‍ക്കും സഹായമായും ആദ്യം ഓടിയെത്തുന്നത് ആരാണ്? രോഗികള്‍ക്കായി ആശുപത്രികളും സന്നദ്ധ സംഘടനകളും നിസ്വാര്‍ഥ സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച കന്യാസ്‌ത്രീകളും നഴ്‌സുമാരും ഡോക്‌ടര്‍മാരും എന്നു വേണ്ട ആതുര സേവന രംഗത്ത് ഞങ്ങളെപ്പോലെ പ്രവര്‍ത്തിക്കുന്നതിനു സന്നദ്ധതയുള്ളവര്‍ നിങ്ങളില്‍ എത്രയുണ്ട്? പ്രാഥമിക കലാലയങ്ങള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെ സ്ഥാപിച്ചു നടത്തിക്കൊണ്ടുപോകുന്ന വിദ്യാഭ്യാസ വിദഗ്‌ധര്‍, ശാസ്‌ത്ര സാങ്കേതിക വിദ്യകളില്‍ ബഹുദൂരം മുന്നേറിയിട്ടുള്ള ശാസ്‌ത്രജ്ഞര്‍ തുടങ്ങിയവരുടെ നീണ്ടനിര തന്നെ ഞങ്ങള്‍ക്കുള്ളപ്പോള്‍ നിങ്ങളുടെ സ്ഥിതി എന്താണ്? സാധുജന സേവനം ജീവിത ലക്ഷ്യമായി സ്വീകരിച്ച് ഇതിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച എണ്ണമറ്റ മനുഷ്യ സ്‌നേഹികളുള്ള ക്രൈസ്‌തവരെ അതിലപ്പുറം ഏതു പുണ്യകര്‍മത്തിലേക്ക് ക്ഷണിക്കാനാണ് നിങ്ങള്‍ക്കാവുക? ദൈവശാസ്‌ത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന നിരവധി ക്രൈസ്‌തവര്‍ ആ രംഗത്തുള്ളപ്പോള്‍ ഞങ്ങളെന്തിന് മുസ്‌ലിംകളുടെ അടുത്ത് വന്ന് ദൈവത്തെയും ദൈവശാസ്‌ത്രത്തെയും പറ്റി പഠിക്കണം? ഞങ്ങള്‍ക്കില്ലാത്തതും ഞങ്ങള്‍ അറിയാത്തതുമായ നിങ്ങളുടെ ദൈവം ആരാണ്? ഏതാണ്?
ചോദ്യങ്ങളുടെ നീണ്ട പട്ടിക തന്നെയാണ് ചിലര്‍ക്ക് നിരത്താനുള്ളത്. എങ്കിലും ഉത്തരമില്ലാത്ത ചോദ്യങ്ങളല്ല അവ എന്ന മറുവശവും അവക്കുണ്ട്.
മുസ്‌ലിമിന്റെ മറുപടി
ക്രൈസ്‌തവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ നിഷേധിക്കുകയോ വില കുറച്ച് കാണിക്കുകയോ ചെയ്യേണ്ട ആവശ്യം മുസ്‌ലിംകള്‍ക്കില്ല. അങ്ങനെ ചെയ്യുന്നവരുമല്ല മുസ്‌ലിംകളായ ഞങ്ങള്‍. നല്ല കാര്യങ്ങള്‍ ആരു ചെയ്‌താലും അവരെ അഭിനന്ദിക്കുന്നവരും അതില്‍ സന്തോഷിക്കുന്നവരുമാണ്. പ്രത്യേകിച്ച് ഈസാ നബിയുമായുള്ള അടുപ്പം വെച്ച് നോക്കുമ്പോള്‍ ക്രൈസ്‌തവര്‍ ചെയ്യുന്ന സദ്‌പ്രവര്‍ത്തനങ്ങളില്‍ സന്തോഷിക്കുന്നവരാണ് മുസ്‌ലിംകള്‍ എന്നുള്ളതും നിങ്ങള്‍ അറിയേണ്ടതുണ്ട്. ദൈവിക മാര്‍ഗത്തില്‍ നിങ്ങള്‍ ചെയ്യുന്ന സേവനങ്ങളിലെ മനുഷ്യസ്‌നേഹം ഞങ്ങള്‍ ഏറെ വിലമതിക്കുന്നു. അതിന്റെ പേരില്‍ നിങ്ങളോട് ഒട്ടും തന്നെ വിരോധമോ അസൂയയോ ഞങ്ങള്‍ വെച്ചു പുലര്‍ത്തുന്നില്ല. മറിച്ച് ഞങ്ങള്‍ക്കാവാത്ത നല്ല കാര്യങ്ങള്‍ ചെയ്യുന്ന നിങ്ങളോട് നന്ദിയും സ്‌നേഹവും മാത്രമേ ഞങ്ങള്‍ക്കുള്ളൂ എന്നതാണ് വാസ്‌തവം.
എന്നു മാത്രമല്ല, നിങ്ങളിലൂടെ മഹദ് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത് അല്ലാഹു ആണെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. നിങ്ങള്‍ വഴി ആയാലും മനുഷ്യ നന്മക്ക് വേണ്ടി സേവനവും സഹായവും ചെയ്യാന്‍ കഴിവ് നല്‍കിയ അല്ലാഹുവിന് സ്‌തുതി. ഞങ്ങളുടെ കഴിവുകളെയും വര്‍ധിപ്പിച്ചുതന്ന് ഞങ്ങളെയും അതിനു പ്രാപ്‌തരാക്കണേ എന്നാണ് അല്ലാഹുവിനോടുള്ള ഞങ്ങളുടെ പ്രാര്‍ഥന.
ദൈവം എന്നു പറയുമ്പോള്‍ ക്രൈസ്‌തവന്റെ മനസ്സില്‍ ആദ്യം തെളിയുന്നത് യേശുവാണ്. ദൈവമായല്ലാതെ മനുഷ്യനായി ജീവിച്ച ഒരു പ്രവാചകനെന്ന നിലയില്‍ അദ്ദേഹത്തെ കാണുക അവരെ സംബന്ധിച്ച് സാധ്യമല്ലെന്നു വേണം പറയാന്‍. ആരെങ്കിലും അങ്ങനെ പറയുന്നത് ചിലര്‍ക്ക് തീരെ സഹിക്കുന്നതല്ലെന്നു തന്നെയല്ല, ആ പറയുന്നവനെ വിദ്വേഷം കലര്‍ന്ന ഭാവത്തില്‍ നോക്കുകയും ചെയ്യുന്നു.
ദൈവത്തെ തിരിച്ചറിയുക എന്നതാണ് അറിവുകളില്‍ ഏറ്റവും വലതും ശ്രേഷ്‌ഠവും. യേശുവിനെ ദൈവമാക്കി അദ്ദേഹത്തെ ആരാധിക്കുകയും അദ്ദേഹത്തോട് പ്രാര്‍ഥിക്കുകയും ചെയ്യുക എന്നാല്‍, അങ്ങനെ ചെയ്യുന്ന ക്രൈസ്‌തവര്‍ക്ക് ദൈവത്തെ തിരിച്ചറിയുന്നതിനുള്ള കഴിവും വിവേകവും ഇല്ലെന്നാണ് അര്‍ഥം. ദൈവവിശ്വാസത്തെ സംബന്ധിച്ച ഏറ്റവും ലളിതവും പരമ പ്രധാനവുമായ ഈ പാഠം അറിയാത്തവരാണ് ക്രൈസ്‌തവരെങ്കില്‍ അത് അവരെ സംബന്ധിച്ച് അല്‍പവും ഭൂഷണമല്ല.
ദൈവവിശ്വാസത്തിന്റെ കാര്യത്തില്‍ തീരെ ചെറുതല്ലാത്തതാണ് ക്രൈസ്‌തവരും മുസ്‌ലിംകളും തമ്മിലുള്ള അകലം. ദൈവമെന്ന വിശ്വാസത്തിലും ധാരണയിലും അടിയുറച്ചു നിന്ന് തികച്ചും തെറ്റായ രീതിയില്‍, ദൈവത്തിനു കൊടുക്കേണ്ട എല്ലാ ഭക്തിയും ആരാധനയും ബഹുമാനവും യേശുവിന് കൊടുത്ത് അദ്ദേഹത്തോട് പ്രാര്‍ഥിക്കുന്ന ക്രിസ്‌ത്യാനിയും, ഏകദൈവത്തില്‍ മാത്രം വിശ്വസിച്ച് `എന്നെ മുസ്‌ലിമായി ജീവിപ്പിക്കുകയും മുസ്‌ലിമായി മരിപ്പിക്കുകയും മുസ്‌ലിമായല്ലാതെ മരിക്കാന്‍ ഇടവരുത്തുകയും ചെയ്യരുതേ' എന്നു പ്രാര്‍ഥിക്കുന്ന ഒരാളും തമ്മിലുള്ള അന്തരം വളരെ വലുതാണ്.
യേശു ഒരിക്കല്‍ ചോദിച്ചു: ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്‌ടപ്പെട്ടാല്‍ പിന്നെ ആ നേട്ടം കൊണ്ട് നിനക്കെന്ത് ഫലം? ആത്മാവ് നഷ്‌ടപ്പെടാതിരിക്കാന്‍ പ്രവാചകന്മാര്‍ കാണിക്കുകയും പഠിപ്പിക്കുകയും ചെയ്‌തതാണ് മുകളില്‍ പറഞ്ഞ പ്രാര്‍ഥനാ രീതി.
ദൈവം എന്നാല്‍ ആരാണ്, അവന്റെ ശക്തിയും ശക്തിവിശേഷതകളും എന്തെല്ലാം എന്നതിനെപ്പറ്റി വ്യക്തമായ ധാരണകളും കാഴ്‌ചപ്പാടുകളും ഉള്ളവരാണ് മുസ്‌ലിംകള്‍. ദൈവം എന്നു കേള്‍ക്കുമ്പോള്‍ ഒരു മുസ്‌ലിമിന്റെ ഉള്ളില്‍ ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ ഉദിക്കുന്ന ബോധം ഇതത്രെ: ``അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. കാണുന്നതും കാണാത്തതും അറിയുന്നവനാണവന്‍. അവന്‍ ദയാപരനും കരുണാമയനുമാണ്.
അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. രാജാധിരാജന്‍, പരമ പവിത്രന്‍, സമാധാന ദായകന്‍, അഭയദാതാവ്, മേല്‍നോട്ടക്കാരന്‍, അജയ്യന്‍, പരമാധികാരി, സര്‍വോന്നതന്‍, എല്ലാം അവന്‍ തന്നെ. ജനം പങ്കുചേര്‍ക്കുന്നതില്‍നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനാണ്.
അവനാണ് അല്ലാഹു, സ്രഷ്‌ടാവും നിര്‍മാതാവും രൂപരചയിതാവും അവന്‍ തന്നെ. വിശിഷ്‌ട നാമങ്ങളൊക്കെയും അവന്നുള്ളതാണ്. ആകാശഭൂമികളിലുള്ളവയെല്ലാം അവന്റെ മഹത്വം കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവനാണ് അജയ്യനും യുക്തിജ്ഞനും'' (59:22-24).
എത്ര തന്നെ പറഞ്ഞാലും അവസാനിക്കാത്ത അല്ലാഹുവിന്റെ ഗുണഗണങ്ങള്‍ ഖുര്‍ആന്‍ വീണ്ടും ഇങ്ങനെ വാഴ്‌ത്തുന്നു: ``അല്ലാഹു, അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍; എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍; മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്. അവന്റെ അടുക്കല്‍ അനുവാദമില്ലാതെ ശിപാര്‍ശ ചെയ്യാന്‍ കഴിവുള്ളവനാര്? അവരുടെ ഇന്നലെകളിലുണ്ടായതും നാളെകളിലുണ്ടാകാനിരിക്കുന്നതും അവനറിയുന്നു. അവന്റെ അറിവില്‍നിന്ന് അവനിഛിക്കുന്നതല്ലാതെ അവര്‍ക്കൊന്നും അറിയാന്‍ സാധ്യമല്ല. അവന്റെ ആധിപത്യം ആകാശഭൂമികളെയാകെ വലയം ചെയ്‌തു നില്‍ക്കുന്നു. അവയുടെ സംരക്ഷണം അവനെയൊട്ടും തളര്‍ത്തുന്നില്ല. അവന്‍ അത്യുന്നതനും മഹാനുമാണ്'' (2:255).
ദൈവികമായ ഈ കഴിവുകളുടെ പശ്ചാത്തലത്തില്‍ യേശുവിനെയും വിലയിരുത്തി അദ്ദേഹം ദൈവമോ അതോ മനുഷ്യനോ ആയിരുന്നതെന്ന് നിശ്ചയിക്കാന്‍ കഴിയും. വിശപ്പും ദാഹവും സഹിച്ച് തെരുവിലൂടെ നടന്നതും, ഉപവാസം അനുഷ്‌ഠിച്ച് ദൈവത്തോട് പ്രാര്‍ഥിച്ചതും, എന്റെ ദൈവമേ എന്റെ ദൈവമേ എന്നു വിളിച്ച് വിലപിച്ചതും, പിശാചിന്റെ പരീക്ഷണത്തിനു വിധേയനായതും, ജീവിതത്തിന്റെ അവസാന മണിക്കൂറുകളില്‍ പോലും പ്രാര്‍ഥിക്കാനായി ശിഷ്യരോട് നിര്‍ദേശിച്ചതും കാണിക്കുന്നത് മനുഷ്യ സ്വഭാവമല്ലാതെ ദൈവസ്വഭാവത്തിന്റെ കണിക പോലുമുണ്ടായിരുന്നില്ല എന്നു തന്നെയാണ്. സൃഷ്‌ടികര്‍മത്തിലോ അതിന്റെ പരിപാലനത്തിലോ യാതൊരു പങ്കും അദ്ദേഹത്തിനുണ്ടായിരുന്നില്ല.
ഒരിക്കല്‍ ഒരാള്‍ യേശുവിനോട്, ഗുരുവേ, നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു ചെയ്യണം എന്നു ചോദിച്ചു. മൂസാ നബി വഴി ലഭിച്ച തൗറാത്തിലെ (പഴയ നിയമം) ദൈവകല്‍പനകള്‍ ഉദ്ധരിച്ച് ഏകദൈവത്തില്‍ വിശ്വസിക്കുക, പ്രതിമകളും വിഗ്രഹങ്ങളും വെച്ച് അവയെ ദൈവങ്ങളാക്കി ആരാധിക്കാതിരിക്കുക, മാതാപിതാക്കളെ ബഹുമാനിക്കുക, കളവും വ്യഭിചാരവും ഒഴിവാക്കി ജീവിക്കുക മുതലായ കാര്യങ്ങളായിരുന്നു അയാളോടുള്ള യേശുവിന്റെ ഉപദേശം. ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യമുണ്ട്. എല്ലാവരും പാലിക്കപ്പെടേണ്ടതായി പ്രത്യേകം എടുത്തു പറഞ്ഞ നല്ല കാര്യങ്ങളില്‍ ക്രൈസ്‌തവ സഭയുടെ കാതലായ തത്ത്വങ്ങളൊന്നും ഉള്‍പ്പെടുത്തിയില്ലെന്ന വസ്‌തുത. ഏകദൈവത്തെപ്പറ്റി പറഞ്ഞതല്ലാതെ മൂന്നു ദൈവങ്ങളുടെ കൂട്ടായ്‌മയായ ത്രിത്വത്തെ പറ്റി ഒന്നും പറഞ്ഞില്ല. ക്രൈസ്‌തവരുടെ ആരാധനാ സമ്പ്രദായത്തിലെ മര്‍മപ്രധാനമായ കുര്‍ബാന എന്ന ബലികര്‍മത്തെപ്പറ്റിയും യേശു മൗനം പാലിച്ചു. കുമ്പസാരം എന്ന കര്‍മത്തില്‍ കൂടി പുരോഹിതന്‍ നടത്തിക്കൊടുക്കുന്ന പാപമോചനത്തെയും അദ്ദേഹം അവഗണിച്ചു. മൂസാ നബി തന്ന കല്‍പനകള്‍ പാലിക്കാന്‍ ഉപദേശിച്ചപ്പോള്‍ പള്ളികളിലെയും വീടുകളിലെയും കുരിശുകളും വിഗ്രഹങ്ങളും അരുതെന്നും ഉദ്ദേശിച്ചിരുന്നു.
ഇഹലോക ജീവിതത്തിന്റെ അവസാന ദിവസം ശത്രുക്കള്‍ യേശുവിനെ അറസ്റ്റ് ചെയ്‌ത് യഹൂദ പുരോഹിത പ്രമുഖരുടെ മുമ്പില്‍ ഹാജരാക്കി. അവര്‍ അദ്ദേഹത്തെ വിചാരണ എന്ന പേരില്‍ ആക്ഷേപിച്ച്, പരിഹസിച്ച് പീഡിപ്പിച്ചു. ഭരണാധികാരികളും ന്യായാധിപന്മാരുമായ ഗവര്‍ണറുടെയും രാജാവിന്റെയും മുമ്പാകെ ഹാജരാക്കിയും അവര്‍ അദ്ദേഹത്തെ ചോദ്യം ചെയ്‌തു. ദൈവപുത്രന്‍ എന്ന് നീ അവകാശപ്പെട്ടോ എന്ന ചോദ്യത്തിന്, അങ്ങനെ നിങ്ങള്‍ പറയുന്നു, അതായത് അങ്ങനെ പറയുന്നത് ഞാനല്ല നിങ്ങളാണ് എന്നായിരുന്നു യേശുവിന്റെ ഉത്തരം (ലൂക്കാ 22:70, 23:3). ശിക്ഷിക്കാന്‍ മതിയായ കാരണം കാണാത്തതുകൊണ്ട് വിട്ടയക്കാമെന്ന് ന്യായാധിപന്മാര്‍ അഭിപ്രായപ്പെട്ടതാണെങ്കിലും യഹൂദരുടെ എതിര്‍പ്പുമൂലം അവരദ്ദേഹത്തെ മരണത്തിനു വിട്ടുകൊടുത്തു എന്നേ ഉള്ളൂ.
(തുടരും)